ബി.ജെ.പി പ്രചാരണത്തിന്​ അമിത് ഷാ കൊച്ചിയില്‍; ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും ‍

കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ നിന്നുള്ള റോഡ്ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം സംസാരിക്കും. ബുധനാഴ്ച രാവിലെ തൃപ്പൂണിത്തുറയിലേക്ക്​ പോകും. അവിടെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക്​ തിരിക്കും.

ചൊവ്വാഴ്ച രാത്രി ഒമ്പതിന്​ പ്രത്യേക വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.പി. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ്, സിന്ധുമോൾ, എറണാകുളം ജില്ല പ്രസിഡൻറ്​ എസ്. ജയകൃഷ്​ണൻ തുടങ്ങിയവർ ചേർന്നാണ്​ സ്വീകരിച്ചത്.

അതേസമയം, തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് തലശ്ശേരിയില്‍ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്.