അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവം; നാല് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ നാല് ഡിെൈവഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുറക്കാട് സ്വദേശികളായ അബ്ദുള്‍ സലാം, ഷിജാസ്, രതീഷ്, അഷ്‌ക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ യഥാര്‍ത്ഥ പ്രതികളെയല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തങ്ങളുടെ മൊഴിയില്‍ പറഞ്ഞ പ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ഓഫീസ് ആക്രമിച്ച പ്രതികളെ രക്ഷപ്പെടുത്തിയതിന് ശേഷം സിപിഎം നിര്‍ദ്ദേശിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ പ്രകടനത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിന് മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്തിരുന്നു. കൊടിമരം പിഴുതുമാറ്റുകയും പതാക വലിച്ചു കീറുകയും ട്യൂബ് ലൈറ്റുകള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.

അതേസമയം വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസിന് എതിരെയുള്ള അക്രമം വ്യാപകമാവുകയാണ്. കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയാണ് ആക്രമണം. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

തിരുവനന്തപുരത്ത് കെഎസ്യു നേതാവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ആക്രമികള്‍ വീടിന് നേരെ ബിയര്‍ കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.