ആലുവ സ്വര്‍ണ്ണക്കവര്‍ച്ച: പോലീസിനെ ചുറ്റിച്ച് പ്രതികള്‍

സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം ആദ്യം കുഴിച്ചിട്ടെന്ന് പറഞ്ഞ പ്രതികള്‍ പിന്നീട് അത് നിഷേധിച്ചു.

മുഖ്യപ്രതിയെ പിടികൂടിയതിനു പിന്നാലെ ഇന്നലെ മൂന്നാര്‍ വനത്തില്‍ നിന്നും നാലു പേരെ കൂടി അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അഞ്ചുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സ്വര്‍ണ ശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണമാണ് കവര്‍ന്നത്.

സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായി മൂന്നാറിലെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഏറ്റുമുട്ടലിനു ശേഷമാണ് ഇവരെ കീഴടക്കാന്‍ കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റു. കവര്‍ച്ചയിലൂടെ കിട്ടിയ സ്വര്‍ണം ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവില്‍ പോയത്.

ഈ മാസം 10 നായിരുന്നു കേരളത്തെ നടുക്കിയ വന്‍ സ്വര്‍ണക്കവര്‍ച്ച നടന്നത്.മാര്‍ക്കറ്റില്‍ ആറ് കോടിയോളം രൂപ വില വരുന്ന 21 കിലോയോളം സ്വര്‍ണമാണ് കൊള്ളയടിച്ചത്. മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് സമീപം കവര്‍ച്ചാസംഘം എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ കാര്യം തിരക്കിയെങ്കിലും ഫാക്ടറിയിലെ ഒരു ജീവനക്കാരനെ കാണാന്‍ വന്നതെന്നായിരുന്നു മറുപടി.