എല്ലാ ടൂറിസ്റ്റ് ബസുകളും ഉടന്‍ നിറം മാറ്റണം, ഇളവ് പിന്‍വിച്ചു; ഉത്തരവ് പുതുക്കി മോട്ടോര്‍ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍കോഡില്‍ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്‌നസ് പുതുക്കാന്‍ വരുമ്പോള്‍ മുതല്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

വടക്കഞ്ചേരി അപകടം നടന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റര്‍ ചെയ്ത, ചെയ്യുന്ന വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിര്‍ദേശം.

നിലവില്‍ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ക്ക്, അടുത്ത തവണ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം. ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച് എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തില്‍ ഇറങ്ങിയാല്‍ പിഴ ചുമത്തും. ഫിറ്റ്‌നസ് റദ്ദാക്കും. ഉത്തരവിനെതിരെ കോണ്‍ട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.