സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം കലാലയങ്ങള്‍ 18ന് തുറന്നു പ്രവര്‍ത്തിക്കാനിരുന്നത് മാറ്റി 20 മുതല്‍ എന്നാക്കിയിട്ടുണ്ട്. 18ന് വെച്ച പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ മാസം 18 – ആം തീയതി നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് .വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. എംജി യൂണിവേഴ്‌സിറ്റിയും നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. കാലിക്കറ്റ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല എന്നീ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.