ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം; സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

വിഡ്രോവല്‍ സിന്‍ഡ്രോം നേരിടാൻ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള കേരള സർക്കാരിന്റെ നീക്കത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സംസ്ഥാന ഘടകം വിമർശിച്ചു.

“വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവർക്ക് ശാസ്ത്രീയ ചികിത്സ നൽകണം. വീട്ടിലോ മരുന്നുകളുള്ള ആശുപത്രികളിലോ ചികിത്സിക്കാം. പകരം അത്തരം ആളുകൾക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി സ്വീകാര്യമല്ല,” ഐ‌എംഎ-യെ ഉദ്ധരിച്ച് എഎൻ‌ഐ‌ റിപ്പോർട്ട് ചെയ്തു.

“മദ്യത്തിന് കുറിപ്പടി നൽകുന്നത് ചികിത്സിക്കുവാനുള്ള അവകാശം റദ്ദാക്കുന്നതിന് കാരണമാകും. ഞങ്ങൾ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി,” ഐ‌എം‌എ പറഞ്ഞു.

ഡോക്ടറുടെ സാധുതയുള്ള കുറിപ്പടി ഉള്ളവർക്ക് മദ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എക്സൈസ് വകുപ്പിന് നിർദേശം നൽകിയിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബാറുകളും ബീവറേജ് ഔട്ട് ലെറ്റുകളും അടച്ചിരുന്നു. മദ്യം കിട്ടാത്തതുമൂലമുള്ള മാനസിക അസ്വസ്ഥതകൾ കാരണം സംസ്ഥാനത്ത് ഇന്നും രണ്ട് പേർ കൂടി ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.