വന്യജീവി ആക്രമണം, സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയത് നിരാശജനകമാണെന്ന് എകെ ശശീന്ദ്രന്‍

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നും രണ്ടാം പട്ടികയിലെ നാടന്‍ കുരങ്ങുകളെ ഒന്നാം പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കില്ലെന്നും എഎ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനം- പരിസ്ഥിതി വകുപ്പുമന്ത്രി അറിയിച്ചത് നിരാശജനകമാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

എഎ റഹീം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യ -വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളം സമര്‍പ്പിച്ച മെമ്മോറാണ്ടം സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കുന്നതും സംസ്ഥാന നിയമസഭ ഐക്യകണ്ഠ്യേന പാസ്സാക്കിയ പ്രമേയത്തിലെ ആവശ്യങ്ങള്‍ അവഗണിക്കുന്നതുമാണ്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് ഇത് എന്നും മന്ത്രി പറഞ്ഞു. മലയോര മേഖലകളില്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചു വരവെ പട്ടിക രണ്ടില്‍ പെട്ട കുരങ്ങുകളെ പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും അവയുടെ വംശ വര്‍ദ്ധനവിന് അനുകൂലമായതുമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ വകുപ്പ് 62 പ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരം. ഈ അധികാരം കേന്ദ്രം വിനിയോഗിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.