കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച, നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി; തീരുമാനം ഞായറാഴ്ച

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. നാളെ ഹൈക്കമാന്റുമായുള്ള ചര്‍ച്ചക്കാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്. വിഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും രാത്രി ഡല്‍ഹിയിലെത്തും. പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും.

നേരത്തെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ എതിരെ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തി. സംസ്ഥാനത്ത് ചേരി തിരിഞ്ഞ് പ്രതിഷേധം കനക്കുകയാണ്.