അഗ്നിപഥ്; കേരളത്തിലും പ്രതിഷേധം, രാജ്ഭവന്‍ മാര്‍ച്ചുമായി അഞ്ഞൂറിലധികം പേര്‍

കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ കേരളത്തിലും പ്രതിഷേധം. തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം നടക്കുന്നത്. അഞ്ഞൂറിധികം ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്കാണ് പ്രതിഷേധ മാര്‍ച്ച്.

‘അഗ്നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണം, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. രാവിലെ 9.30യോടെയാണ് തിരുവനന്തപുരത്ത് മാര്‍ച്ചിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒത്തുച്ചേര്‍ന്നത്. ആദ്യം അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടുകയായിരുന്നു.

കോഴിക്കോടും പ്രതിഷേധം നടക്കുന്നുണ്ട്. എഴുത്ത് പരീക്ഷക്കായി കാത്തിരുന്ന ഉദ്യോഗര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിനെ തുടര്‍ന്ന് ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ പലതും നടന്നിരുന്നെങ്കിലും, നിയമനം നടന്നില്ല. ഈ റാലികളില്‍ പങ്കെടുത്തവരും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാര്‍ത്ഥികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം പട്‌ന ബൈ വീക്കലി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

അതേസമയം പദ്ധതിയില്‍ അംഗമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇവര്‍ക്കായി പത്തു ശതമാനം ഒഴിവുകള്‍ മാറ്റിവെക്കുമെന്നും അസം റൈഫിള്‍സിലും സംവരണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമനത്തിലുള്ള പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് നല്‍കാനും തീരുമാനിച്ചു. ഇതോടെ അഗ്‌നിപഥിലൂടെ സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ചു വയസിന്റെ ഇളവ് ലഭിക്കും. ഈ വര്‍ഷമാണ് അഞ്ച് വയസ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം മുതല്‍ മൂന്ന വയസിന്റെ ഇളവും ലഭിക്കും.