കളരിപരമ്പര ദൈവങ്ങളേ, മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ: എ ജയശങ്കർ

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെങ്കിൽ പൂർണ്ണ വിജയമായിരിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം മുരളീധരൻ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് തന്റെ പതിവ് ശൈലിയിൽ പ്രതികരിച്ചിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ. 1982ൽ കരുണാകരൻ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല, കോൺഗ്രസിൽ എന്ന് ജയശങ്കർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കണ്ണോത്ത് കളരിയിൽ കച്ചകെട്ടി അടവ് പതിനെട്ടും പഠിച്ച അങ്കച്ചേകവനാണ് മുരളീധരൻ. അച്ഛനോളം വരില്ല, എങ്കിലും എന്തിനും പോന്ന പോരാളിയാണ് അദ്ദേഹമെന്നും ജയശങ്കർ തന്റെ സരസമായ ഭാഷയിൽ കുറിച്ചു.

എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ!

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയിൽ പി ജയരാജനെ മലർത്തിയടിച്ച മുരളീധരൻ മുട്ടുവിറയ്ക്കാതെ കാലിടറാതെ ഇനി നേമത്തേക്കാണ്.

1982ൽ കരുണാകരൻ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല, കോൺഗ്രസിൽ.

കണ്ണോത്ത് കളരിയിൽ കച്ചകെട്ടി അടവ് പതിനെട്ടും പഠിച്ച അങ്കച്ചേകവനാണ് മുരളീധരൻ. അച്ഛനോളം വരില്ല, എങ്കിലും എന്തിനും പോന്ന പോരാളിയാണ്.

ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ. നേരങ്കം വെട്ടി ജയിച്ചു തറവാട്ടിൻ്റെ മാനം കാക്കാൻ തുണനിൽക്കണേ…