'എഡിജിപിയുടെ ശബരിമല ട്രാക്ടര്‍ യാത്ര മനഃപൂർവ്വം'; എം ആര്‍ അജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഡിജിപിയുടെ ശബരിമല ട്രാക്ടര്‍ യാത്ര മനഃപൂർവ്വമാണെന്ന് കോടതി പറഞ്ഞു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂർവ്വമാണെന്ന് പറഞ്ഞ കോടതി യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചതെന്നും ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചതെന്നും പറഞ്ഞു. ട്രാക്ടര്‍ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.

ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും യാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അതേസമയം എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്‌.

ശനിയഴ്ച്ച വൈകുന്നേരമാണ് എംആർ അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുള്ളപ്പോഴാണ് എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര എന്നതും ശ്രദ്ധേയമാണ്.

Read more