കൊച്ചിയിലെ മാളിൽ യുവനടിയെ അപമാനിച്ച സംഭവം: മനഃപൂർവം അപമാനിച്ചിട്ടില്ല, അബദ്ധത്തിൽ കൈ തട്ടിയതാകാമെന്ന് പ്രതികൾ

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികരിച്ച് പ്രതികൾ. നടിയെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. ജോലി ആവശ്യത്തിനായാണ് ഷോപ്പിം​ഗ് മാളിൽ എത്തിയത്. അബദ്ധത്തിൽ കൈ തട്ടിയതാകാം. കേസിൽ നിയമോപദേശം ലഭിച്ചതിനാലാണ് മാറിനിന്നതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കളായ ഇർഷാദും ആദിലും പറഞ്ഞു.

ഷോപ്പിങ് മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ചാണ് നടിയെ കണ്ടത്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്.

നടിയാണെന്ന് മനസിലായപ്പോൾ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോൾ‌‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും യുവാക്കൾ പറഞ്ഞു. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഒളിവിൽ പോയതെന്നും ഇർഷാദും ആദിലും പറഞ്ഞു.