നടിയെ ആക്രമിച്ച കേസ്; പൾസർ സുനി അടക്കം ആറു പ്രതികളുടെ ശിക്ഷാവിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പൾസർ സുനി അടക്കം ആറു പ്രതികൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷ വിധിക്കുക. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

കേസിൽ ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

Read more