നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

നടിയെ ആക്രമിച്ച കേസിൽ വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്. കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. 20 വർഷം തടവ് കുറഞ്ഞ ശിക്ഷ അല്ലെന്നും മന്ത്രി പറഞ്ഞു. കേസിനെ എങ്ങനെയാണ് കോടതി സമീപിച്ചിട്ടുള്ളത്, കോടതിക്ക് മുന്നിൽ വന്നിട്ടുള്ള വാദങ്ങൾ എന്തെല്ലമാണ് കേസ് ഡയറിയുടെ വിശദാംശങ്ങൾ ഇതെല്ലം വിധിപകർപ്പ് വായിച്ചാല് മനസിലാകൂ. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. നമുക്ക് കോടതി വിധിയോട് എതിർപ്പുണ്ടാകാം. അന്വേഷണ സംഘം കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഈ കേസിൽ അതിജീവിത ആവശ്യപ്പെട്ട പ്രകാരമാണ് ഒന്നാമത്തെ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. അദ്ദേഹം രാജിവെച്ചപ്പോൾ രണ്ടാമത്തെ പ്രോസിക്യൂട്ടർ. അതെല്ലാം അതിജീവിതയുടെ അഭിപ്രയം കൂടി പരിഗണിച്ച് കൊണ്ടാണ് എന്നും മന്ത്രി പറഞ്ഞു.

6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് 

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടയ്ക്കം ഒന്നുമുതല്‍ 6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിന തടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

Read more