നടിയെ ആക്രമിച്ച കേസ്: 11 മാസത്തിന് ശേഷം സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്റോ എന്നിവരെയാണ് ഇന്ന് വിസ്താരത്തിന് വിളിപ്പിച്ചിരിക്കുന്നത്.

ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോര്‍ട്ട്് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളില്‍ വിചാരണ.

കേസില്‍ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നു. നടി മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ ഇതിനായി ഉടന്‍ അപേക്ഷ നല്‍കും.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് ശരത്തും ഈ മാസം ആദ്യം കോടതിയില്‍ ഹാജരായിരുന്നു. തുടരന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു.