ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

ആലപ്പുഴയിൽ ജോലി കഴിഞ്ഞു മടങ്ങിയ  ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളാണ് പിടിയിലായത്. കൊല്ലത്തു നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് സെപ്റ്റംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബൈക്കിലെത്തിയ സുബിനയെ തലക്ക് പിന്നില്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച അക്രമികള്‍ സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചു. കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പട്രോളിംഗ് വാഹനം വന്നത്. പൊലിസിനെ കണ്ട പ്രതികള്‍ തോട്ടപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയില്‍ ബസ് തടഞ്ഞ് നിര്‍ത്തിയാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ രണ്ട് പേരും ചവറ പൊലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. ഇവരെ ആലപ്പുഴ പൊലീസിന് കൈമാറും.