മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെടിയുതിര്‍ത്ത സംഭവം: റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഗാര്‍ഡ് റൂമില്‍വെച്ചാണ് വെടിപൊട്ടിയത്. ആഭ്യന്തര അന്വേഷണത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ ഹാഷിം റഹ്‌മാന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്ന് കണ്ടത്തിയിരുന്നു. തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. വെടിപൊട്ടിയ സമയത്ത് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ച് പോയതെന്നാണ് ഹാഷിം അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കി. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതുകൊണ്ട് തന്നെ വിഷയം ഗൗരവതരമായി പരിഗണിച്ചത്.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്. പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസന്‍സുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാന്‍ പാടില്ല. ഒത്തു കൂടല്‍, വഴിതടയല്‍, പ്രതിഷേധങ്ങള്‍ എന്നിവയും പാടില്ല.
സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം. കേരള പൊലീസിന്റെ റാപ്പിഡ് റസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്സും, ഇന്ത്യാ റിസര്‍വ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷ ഒരുക്കുന്നത്.