കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; വീണ്ടും ഒഴിഞ്ഞുമാറി എ സി മൊയ്തീൻ, ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ വീണ്ടും ഒഴിഞ്ഞുമാറി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ. ഇന്ന് ഇഡിക്കു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്ന വിശദീകരണം നൽകിയാണ് മൊയ്തീൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞത്.

അതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇഡി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോര്‍ കെഎ രംഗത്തെത്തിയിരുന്നു. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി രൂപ വാങ്ങി നല്‍കി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണെന്നും ജിഷോര്‍ വെളിപ്പെടുത്തിയിരുന്നു.

അതേ സമയം കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ എറണാകുളം , തൃശൂർ ജില്ലകളിലെ ബാങ്കുകളിൽ റെയ്ഡ് നടത്തിയിരുന്നു. തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു.

തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. അയ്യന്തോൾ സഹകരണബാങ്കിൽ പരിശോധന തുടരുകയാണ്.