മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതിയില്‍ അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുക. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകും.
ഇന്ന് മോചന ഉത്തരവ് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. 2024 ജൂലൈ 2ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ 34 കോടി രൂപ നല്‍കിയിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം വൈകുകയാണ്. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം.
2006ല്‍ ആണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജിഎംസി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
Read more
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.