എ.എ റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് ആയേക്കും

മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുമ്പോൾ എ.എ റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് ആയേക്കും. ഡി.വൈ.എഫ്.ഐ ഫ്രാക്ഷൻ യോ​ഗത്തിൽ എ.എ റഹീമിനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചെന്നാണ് വിവരം. നാളെ നടക്കുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും. നിലവിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തിലേക്ക് കേരളത്തിൽ നിന്നും പശ്ചിമ ബം​ഗാളിൽ നിന്നും ഉള്ളവരാണ് എത്താറുള്ളത്. ഇതോടെ മുഹമ്മദ് റിയാസിന് പകരമായി കേരളത്തിലെ സംസ്ഥാന സെക്രട്ടറി കൂടിയായ റഹീം അദ്ധ്യക്ഷനാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി. തോമസും ദേശീയ നേതൃത്വത്തിലേക്കു പോകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ തലത്തിലേക്കു കേരളത്തിൽ നിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിമും ജെയ്ക്കും ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അദ്ധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.
വി.കെ.സനോജിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്.

നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. അതിന് പുറമേ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ പ്രധാനമുഖങ്ങളില്‍ ഒരാളുമാണ് റഹീം.