ലീഗ് നിലകൊണ്ടത് എന്നും സമ്പന്നർക്ക് വേണ്ടി; സാധാരണക്കാര്‍ക്ക് എതിരായി ഉയര്‍ന്നുവരുന്ന ഒരു വിഷയത്തിലും കൃത്യമായ നിലപാട് പാര്‍ട്ടിക്ക് ഇല്ലെന്ന് എ.വിജയരാഘവൻ

മുസ്ലിം സമുദായത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് ഒരുകാലത്തും പാര്‍ട്ടിയില്‍ അണിനിരന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും പരിഗണിച്ചിട്ടില്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.  സാധാരണക്കാര്‍ക്കെതിരായി ഉയര്‍ന്നു വരുന്ന ഒരു സാമൂഹ്യവിഷയത്തിലും കൃത്യമായ നിലപാടുകളും ആ പാര്‍ട്ടിക്ക് ഇല്ല.  ലീഗ് നിലകൊണ്ടത് എന്നും സമ്പന്നവിഭാഗത്തിനു വേണ്ടിയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

”രാഷ്ട്രീയാധികാരം ഉപയോഗിച്ചാണ് കേരളത്തില്‍ മുസ്ലിം ലീഗ് വളര്‍ന്നു വന്നത്. അധികാരം ഉപയോഗിച്ച് അഴിമതി നടത്താനും സമ്പത്ത് ഉണ്ടാക്കാനും ശ്രമിക്കുന്ന ആ പാര്‍ട്ടി അരനൂറ്റാണ്ടിലേറെയായി കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന, സിപിഐ എം വിരുദ്ധകൂട്ടായ്മയുടെ ഭാഗമാണ്. കോണ്‍ഗ്രസ് മുന്നണിയുടെ പ്രധാന ശക്തിസ്രോതസ്സ് മുസ്ലിം ലീഗാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല”- വിജയരാഘവൻ പറഞ്ഞു.

എല്‍ഡിഎഫിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമ്പോള്‍ യുഡിഎഫ് തകര്‍ച്ചയിലേക്ക് പോകുമെന്നും അതിന്റെ പ്രതിഫലനമെന്ന നിലയില്‍ ആ മുന്നണിയിലെ ഘടക കക്ഷികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളിലെ അവസാനവാക്കായി ഹൈക്കമാന്‍ഡ് പോലും മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നുവെന്ന നിലയില്‍, മദ്ധ്യസ്ഥ സ്ഥാനം തന്നെ ലീഗ് വഹിച്ചു പോന്നു. ഇതര യുഡിഎഫ് പാര്‍ട്ടികള്‍ക്കകത്തുള്ള പ്രശ്‌നങ്ങള്‍ക്കും ലീഗ് മദ്ധ്യസ്ഥം പ്രധാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് സ്ഥിരം മദ്ധ്യസ്ഥന്മാരായ മുസ്ലിം ലീഗില്‍ നിലനില്‍ക്കുന്ന അന്തച്ഛിദ്രം മറനീക്കി പുറത്തു വന്നതാണ്. ഇത് യുഡിഎഫ് നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയുടെ സൂചനയാണെന്നും വിജയരാഘവൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ വലിയ തിരിച്ചടി നേരിട്ടിട്ടും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ മുസ്ലിംലീഗ് തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ബന്ധം തുടര്‍ന്നു. 2020ല്‍ നേരിട്ടതിലും വലിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനും കോണ്‍ഗ്രസിനും ഉണ്ടായത്. ലീഗിന്റെ കാലിനടിയിലെ മണ്ണ് അതിവേഗം ചോര്‍ന്നു പോകുകയാണെന്ന് തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയാല്‍ വ്യക്തമാകും. ലീഗിന്റെ ശക്തിയായി നിലകൊണ്ട മുസ്ലിം ജനസാമാന്യം അവരില്‍നിന്ന് അകലുകയാണ്. അപ്രതിരോധ്യമെന്നു കരുതിയ ലീഗ് കോട്ടകള്‍ പലതും തകര്‍ന്നു. ചിലത് ഇളകിയാടി. ജനകീയാടിത്തറ പൊളിഞ്ഞപ്പോള്‍ പിടിച്ചു ല്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ കൂട്ടുകൂടുന്നത്. ഈ നയം ലീഗിനെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്ന് നേതൃത്വത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.