തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കൊലപതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ബന്ധുക്കളെ മുൻനിർത്തിയാണ് അന്വേഷണം.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഫയർ ഫോഴ്സ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കുട്ടി ഇന്നലെ ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്ന് അമ്മ പറഞ്ഞു.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു. പുലർച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു.
Read more
കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിൻസെൻറ് എംഎൽഎ പറഞ്ഞു. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. താൻ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിൻസെൻറ് എംഎൽഎ പ്രതികരിച്ചു.







