തീരദേശ ഹൈവേയില്‍ സൈക്കിള്‍ ട്രാക്ക് ഒരുക്കും; ജില്ലകളില്‍ ചലച്ചിത്രോത്സവം എന്ന ആശയം പരിശോധിക്കും; യുവജനങ്ങള്‍ക്ക് ഉറപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നിര്‍മിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിള്‍ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതടക്കം യുവജനങ്ങള്‍ മുന്നോട്ടുവച്ച വിവിധ ആശയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വിശദമായി കേള്‍ക്കുകയും സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാവുന്ന കാര്യങ്ങള്‍ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിര്‍മിതിയില്‍ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മുഖാമുഖം പരിപാടി.

സംസ്ഥാനത്തു പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍കൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിന്‍സണ്‍ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയില്‍ സൈക്കിള്‍ ട്രാക്ക് വരുന്നത് ടൂറിസം മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പേരിനൊപ്പം ജാതി ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇതു സംബന്ധിച്ചു ഗായകന്‍ ഇഷാന്‍ ദേവ് ഉന്നയിച്ച വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിയോട് സ്‌കൂളില്‍ ചില കുട്ടികള്‍ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാന്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം നാട്ടില്‍ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണു മന്നത്തു പത്മനാഭന്‍ നവോത്ഥാനത്തിനു നേതൃത്വം നല്‍കുന്ന നേതാവായി നിലകൊണ്ടത്.

പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്നതരത്തിലുള്ള പേരുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടി പഠിക്കാന്‍ ചെല്ലുമ്പോള്‍ പേരിനു പിന്നാലെ ഒരു ജാതിപ്പേരുകൂടി ചേര്‍ക്കുകയാണ്. അച്ഛനും അമ്മയും ജാതിയുടെ പേരില്‍ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവര്‍തന്നെ കുട്ടിക്ക് ഇതു ചാര്‍ത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളില്‍വരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചുവന്നത്. ആ നിലയിലേക്ക് ഉയരാന്‍ കഴിയണം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തില്‍ മാത്രമല്ല സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണതകള്‍ക്കെതിരേകൂടിയായിരുന്നു. അത് കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.എഫ്.എഫ്.കെ. എല്ലാ ജില്ലകളിലും സംഘടിപ്പിക്കാന്‍ കഴിയുമോയെന്നതായിരുന്നു നടി അനശ്വര രാജന്റെ ചോദ്യം. നിര്‍ദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശനങ്ങളുള്ളതിനാല്‍ കൂടുതല്‍ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരിലേക്കു കൂടുതല്‍ വ്യാപകമായ രീതിയില്‍ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിനീയറിങ് മേഖലയില്‍ പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ശാസ്ത്ര മേഖലയില്‍നിന്നു പങ്കെടുത്ത ഡോ. സി.എസ്. അനൂപ് പറഞ്ഞു.

എന്‍ജിനീയറിങ് വിദ്യാര്‍ഥി കോഴ്‌സ് കഴിഞ്ഞു പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള പ്രായോഗിക ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാലഘട്ടത്തിന് ആവശ്യമായി വരുന്ന എല്ലാ കോഴ്‌സുകളും പഠിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇതിന്റെ ഭാഗമായുള്ള വലിയ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.