'രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നു, വാഹനം പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ല'

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയെന്ന് സംശയം. രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. ഒരു കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേല്‍ സാറയുടെ അമ്മൂമ്മ പറയുന്നത്.

രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നു. അത്ര കാര്യമാക്കിയില്ല. അയല്‍വീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് കരുതിതെന്ന് അയല്‍വാസി സുനിത പറഞ്ഞു.

നേരത്തെയും ഒരു കാര്‍ വീടിനടുത്ത് നിര്‍ത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. നിര്‍ത്തിയിട്ട കാറില്‍ നിന്നും രണ്ടു പേര്‍ സൂക്ഷിച്ച് നോക്കിയെന്നാണ് അവര്‍ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തില്‍ എടുക്കാതിരുന്നതെന്ന് അമ്മൂമ്മ പറഞ്ഞു.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.