സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിലെ പ്രതികൾ; 18 സർവീസിൽ നിന്ന് പുറത്താക്കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിലെ പൊലീസ് സേനയിൽ 744 ഉദ്യോ​ഗസ്ഥർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 18 പേരെ മാത്രമാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.

നിയമസഭയിൽ വടകര എംഎൽഎ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള 691 പേർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിച്ചുട്ടുണ്ടെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള 744 പേർക്കെതിരെയും കേസ് രജിസറ്റർ ചെയ്ത് ക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക പീഡനം, അതിർത്തി തർക്കം തുടങ്ങി കേസുകൾ വഴി ക്രിമിനലുകളുടെ പട്ടികയിലുൾപ്പെടുന്ന പോലിസുകാർ മുതൽ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചവരും വരെ ക്രിമിനൽ കേസ് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

അതേസമയം 2018 ൽ പുറത്തുവിട്ട കണക്കുകൾ അപേക്ഷിച്ചു ക്രിമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം കുറവാണ്. 850 പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ് അന്ന് കേസ് ഉണ്ടായിരുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള 11, സിഐ 6, എസ്‌ഐ 51, ഗ്രേഡ് എസ്‌ഐ 12, എഎസ്‌ഐ 32, ഗ്രേഡ് എഎസ്‌ഐ 19, സീനിയർ സിവിൽ പോലീസ് ഓഫീസർ 176, സിവിൽ പോലീസ് ഓഫീസർ 542 എന്നിങ്ങനെയായിരുന്നു ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരുടെ കണക്കുകൾ.