‘72 പഞ്ചായത്തിൽ ടി.പി.ആർ 50 ശതമാനത്തിന് മുകളിൽ; കേസ് ലോഡുള്ള 57 പഞ്ചായത്തുകൾ, സാഹചര്യം ​ഗൗരവമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ് രോ​ഗബാധ ​ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞഞു.

300ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടി.പി.ആർ.500 മുതൽ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്.

എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെയ് 15 വരെ 450 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു.

ചില കേസുകളിൽ ആവശ്യത്തിലധികം ഓക്‌സിജൻ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്‌നിക്കൽ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ പ്രവർത്തകർ കൂടുതൽ ഉണ്ടാകുകയെന്നത് ആവശ്യമാണ്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാൻ നടപടി സ്വീകരിക്കും. വിരമിച്ച ഡോക്ടർമാർ, ലീവ് കഴിഞ്ഞ ഡോക്ടർമാർ ഇവരെയൊക്കെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.