ലാേക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; കൊച്ചിയിൽ രണ്ട് സ്ത്രീകൾ അടക്കം 41 പേർ അറസ്റ്റിൽ

കൊച്ചിയിൽ ലാേക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പൊലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് കൊച്ചി പൊലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തിയത്.  അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവ‍ർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാത  സവാരിക്കോ, വൈകിട്ട് സായാഹ്ന സവാരിക്കോ പോകരുത് എന്ന് കർശന നിർദേശം സർക്കാർ നൽകിയിരുന്നു.  ദേശവ്യാപക ലോക്ക് ഡൗൺ കൂടി നിലവിൽ വന്നതോടെ വ്യവസ്ഥകൾ കർശനമാക്കി. എന്നാൽ പൊലീസ് പരിശോധനയിൽ അൽപമൊരു അയവ് വന്നതോടെ വീണ്ടും പനമ്പള്ളി നഗർ ഉൾപ്പടെയുള്ള മേഖലയിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം നടത്തിയത്.

ആദ്യം ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നടത്തിയത്. പല മേഖലകളിലും ആളുകൾ കൂട്ടം കൂടി നിൽക്കുകയും നടക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. കൊച്ചി നഗരത്തിൽ പ്രത്യേകിച്ച് കഴിഞ്ഞ ദിവസം കർശനമായ പരിശോധനകളാണ് ഇന്നലെ പൊലീസ് നടത്തിയിരുന്നത്. എറണാകുളം സിറ്റി പരിധിയിൽ ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘിച്ചതിന് 70 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 74 പേരെ അറസ്റ്റ് ചെയ്യുകയും, 62 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറൽ പരിധിയിൽ ഇന്നലെ 92 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 27 പേരെ അറസ്റ്റ് ചെയ്യുകയും, 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘനത്തിൽ രജിസ്റ്റർ ചെയ്തത് 1991 കേസുകളാണ്. 1949 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തത് 1477 വാഹനങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് പരിശോധന നഗര, ഗ്രാമ പരിധികളിൽ കർക്കശമായിരുന്നില്ലെങ്കിൽ, കുറച്ചധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പൊലീസ് പരിശോധന വീണ്ടും കർശനമാക്കിയിരുന്നു.