'വഖഫ് നിയമനം പി.എസ്.സിക്ക്',തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍

സംസ്ഥാനത്ത് വഖഫ് ബോര്‍ഡി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. വിഷയത്തില്‍ ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തും. സര്‍ക്കാരിന്റേത് സുതാര്യ നിലപാടാണ്.  വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടെന്ന് മന്ത്രി സഭയില്‍ അറിയിച്ചു.

ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ല. കേരളത്തില്‍ പച്ചയും യു.പിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് മന്ത്രി വിമര്‍ശിച്ചു. കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും കൈമാറ്റിയിട്ടുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ടാറ്റയുമായി ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരത്തില്‍ നിന്ന് സമസ്ത വിട്ടു നിന്നു. വഖഫ് വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നാണ് സമസ്തയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയത്.

നിയമനം സംബന്ധിച്ച് തീരുമാനം എടുത്തത് വഫഖ് ബോര്‍ഡ് തന്നെയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആയിരുന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗക്കാര്‍ അല്ലാത്തവര്‍ക്കും ജോലി ലഭിക്കും എന്ന് സമസ്ത നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും, ആശങ്കകള്‍ പരിഹരിക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനം എന്നും, നിലവില്‍ ജോലിയിലുള്ളവരെ ബാധിക്കില്ലെന്നും അബ്ദുള്‍ റഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.