'കോവിഡ് പ്രതിരോധത്തെക്കാള്‍ സര്‍ക്കാരിന് പ്രധാനം തിരുവാതിര'; വിഡി സതീശന്‍

കോവിഡ് പ്രതിരോധത്തെക്കാള്‍ സി.പി.എമ്മിന് പ്രധാനം തിരുവാതിരയാണ് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ സമ്മേളനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും കോണ്‍ഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാല്‍ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇപ്പോഴും നടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേരാണ് പങ്കെടുക്കുന്നത്. ജില്ലാസമ്മേളനങ്ങള്‍ മാറ്റി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

കെ റെയില്‍ നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.പി.ആര്‍ പ്രകാരം റെയിലിന് ചുറ്റം 200 കിലോമീറ്ററോളം മതില്‍ കെട്ടുണ്ടാവും. ഇത്തരം കോറിഡോര്‍ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയില്‍ കടന്നുപോവുന്നതെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട് എങ്കില്‍ അത് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ വിഷയത്തില്‍ ഒരു വിവാദത്തിവും ഇല്ല എന്നും വിഡി സതീശന്‍ വ്യക്തമാക്കി.