'മാഷിന്റെ കഴിവിന് ലഭിച്ച അംഗീകാരം'; മന്ത്രിയേക്കാള്‍ വലുതാണ് പാര്‍ട്ടി സ്ഥാനമെന്ന് ഭാര്യ

മന്ത്രി എം വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ അതീവ സന്തോഷമുണ്ടെന്ന് ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി കെ ശ്യാമള.

മന്ത്രി സ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ട്ടി സ്ഥാനമെന്നും അവര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ട്ടി സ്ഥാനം. രണ്ട് പേരും തിരക്ക് പിടിച്ച ജീവിതമാണ് നയിക്കുന്നത്. മാഷിന്റെ കഴിവിനുള്ള അംഗീകാരമാണ് അത്.’ പി കെ ശ്യാമള പറഞ്ഞു.

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിശ്വസ്തനായി കണ്ണൂര്‍ സഖാവായാണ് ഗോവിന്ദന്‍ മാസ്റ്റര്‍ അറിയപ്പെടുന്നത്. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദനാണ് സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.