'വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റണം'; കണ്‍ട്രോള്‍ റൂം തുറന്നു, വേണ്ടി വന്നാല്‍ ക്യാംപുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തില്‍ അടിയന്തരയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ വേണ്ടി മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വി പി ജോയ് വിളിച്ചത്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കരുതല്‍ നടപടി ശക്തിപ്പെടുത്താന്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സ്ഥലത്തുനിന്നും വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള സംവിധാനം സജ്ജമാക്കണം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം, കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം, വേണ്ടിവന്നാല്‍ ക്യാംപ് ആരംഭിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Read more

എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ത്യശൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുന്നൊരുക്കങ്ങളുടെ ചുമതല രണ്ട് എഡിജിപിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.