'എം.എം മണിയുടേത് പുലയാട്ടുഭാഷ, അന്തസ്സുള്ള ഭാഷ ഉപയോഗിക്കണം'; ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയമെന്ന് കെ.കെ ശിവരാമന്‍

സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയുള്ള എംഎല്‍എ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. എംഎം മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് അദ്ദേഹത്തിന് ഒഴിയാനാകില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല. മണി അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

മണി ഇപ്പോള്‍ പറയുന്നത് മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ്. അത് സിപിഎം നേതൃത്വം ഇടപെട്ട് തിരുത്തണം. ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയില്ലല്ലോ. ആനി രാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നുമാണ് എം എം മണി പറഞ്ഞത്. കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് ആനി രാജ നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എം എം മണിയുടെ പ്രതികരണം.