'ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പര്‍ താരങ്ങള്‍ തോറ്റു പോകുമല്ലോ'; മുഖ്യമന്ത്രി പുതിയ കാറു വാങ്ങുന്നതിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍

ഔദ്യോഗിക യാത്രകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പുതിയ വാഹനം വാങ്ങാനുള്ള തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥന്‍. കെഎസ്ആര്‍ടിസിക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ, പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ?വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതിയെന്നും അദ്ദേഹം
പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍.എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവള്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം.

KSRTC ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ?പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ?വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ!

എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ CMന്റെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി.
ശബരി