'കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ'; പോപ്പുലര്‍ ഫ്രണ്ടിനെ പൊലീസ് സഹായിക്കുന്നുവെന്നും കെ. സുരേന്ദ്രന്‍

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജില്ലാ സെക്രട്ടറിയുടെ ആരോപണം മറുപടി അര്‍ഹിക്കാത്തതാണ്. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലൂടനീളം യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ആഭ്യന്തരം എന്റെ മടിയിലല്ലല്ലോ അവരുടെ കൈയിലല്ലേയെന്നും അങ്ങനെയെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും കേരള പൊലീസും പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നു. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പോപ്പുലര്‍ ഫ്രണ്ടും മതതീവ്രവാദ സംഘടനളും രാജ്യം മുഴുവന്‍ നേരിടുന്ന ഭീഷണിയാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദ‍ര്‍ശനത്തിന് ശേഷമാണ് പാലക്കാട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു ആരോപിച്ചത്.