'കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു'; സി.പി മാത്യുവിന് എതിരെ ധീരജിന്റെ കുടുംബം

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ എൻജിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുബം. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും ധീരജിനെ കൊല്ലുകയാണ്. അപവാദ പ്രചാരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമാണെന്നും ധീരജിന്റെ അമ്മ പറഞ്ഞു. സിപി മാത്യുവിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുരിക്കാശേരിയില്‍ സി.പി.മാത്യു നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ധീരജിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തത് പോലെയുള്ള നടപടി എസ്എഫ്ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. ധീരജിന്റെ കൊലപാതകം എസ്.എഫ്.ഐക്ക് പറ്റിയ കയ്യബദ്ധമാണെന്ന നിലപാട് ആവര്‍ത്തിച്ച സി.പി.മാത്യു, കെ.എസ്.യു.ക്കാരെ അക്രമിക്കുന്നതിനിടെയാണ് ധീരജിന് കുത്തേറ്റതെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു.

പ്രസംഗത്തിനെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു. ധീരജ് കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് സി പി മാത്യുവിന്റെ പ്രസ്താവന എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞിരുന്നു. സി പി മാത്യുവിന്റെ പരാമര്‍ശത്തിന് എതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Read more

ജനുവരി പത്തിനാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെടുന്നത്.