'റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരിച്ചു?'; തനിക്ക് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡുകളിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരിച്ചെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിക്കേറ്റവരുടെ വിവരം പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്നായിരുന്നു റിയാസിന്റെ പ്രസ്താവന.

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. കുഴികളില്‍ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ലെന്നും അദ്ദേഹം അറിയിച്ചു.

NH 183 , NH – 183A, NH-966B, NH-766, NH – 185 എന്നീ ദേശീയപാതകളുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിങ് റോഡ്’ ഫോണ്‍-ഇന്‍ പരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ അറിയിച്ചു.