'സര്‍ക്കാരിനെ പ്രതിപക്ഷം വേട്ടയാടുന്നു'; കല്‍പ്പറ്റയില്‍ ഇന്ന് എല്‍.ഡി.എഫിന്റെ ബഹുജന റാലി

വയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫ് ബഹുജന റാലി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധത്തിനെതിരെയാണ് ബഹുജന റാലി. വൈകീട്ട് മൂന്നിന് തുടങ്ങുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. റാലിയില്‍ ജില്ലയിലെ പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് നേതൃത്വം അറിയിച്ചു.

എല്‍ഡിഎഫ് റാലിയെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എംപി ഓഫീസ് ആക്രമിച്ച കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.

ഓഫീസ് ആക്രമണത്തില്‍ പൊലീസിന് പിഴവ് സംഭവിച്ചെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ വീഴ്ച പറ്റി. എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് കയറിയിട്ടും പൊലീസിന് വേണ്ട നടപടി സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.