'ഇ.ഡി, ബി.ജെ.പിയുടെ രാഷ്ട്രീയചട്ടുകം'; ഫെമ നിയമം ലംഘിച്ചുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ആര്‍.ബി.ഐ: തോമസ് ഐസക്

താന്‍ ചെയ്ത കുറ്റമെന്താണെന്ന് പറയാതെ ഇ ഡിയുായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇ ഡി തനിക്ക് ഏകപക്ഷീയമായി രണ്ട് സമന്‍സയച്ചു. എന്നാല്‍ രണ്ടിലും ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നടത്തുകയാണ്. എന്നിട്ടും കുറ്റം എന്താണെന്ന് പറയാത്ത് അന്വേഷണത്തിന് ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത് തന്റെ പൗരാവകാശ ലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫെമ നിയമം ലംഘിച്ചുണ്ടെങ്കില്‍ അതിന് ആദ്യം നടപടി എടുക്കേണ്ടത് ആര്‍ബിഐയാണ്. ഫെമ കേസുകളില്‍ ഇ ഡിക്ക് യാതൊരു സവിശേഷ അധികാരവുമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ഇ ഡിക്ക് സവിശേഷ അധികാരമുള്ളത്. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. രാഷ്ട്രീയ എതിരാളികെ ഒറ്റപ്പെടുത്താനും അവരെ തടങ്കലില്‍വെക്കാനും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം ഇ ഡിയെ ഉപയോഗിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

സംസ്ഥാനത്തെ വികസനത്തെ അട്ടിമറിക്കുകയാണ് കിഫ്ബിയിലൂടെ ബി ജെ പിയും കേന്ദ്രവും ലക്ഷ്യമിടുന്നത്. ഇ ഡിയെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ നിയമപരമായും ജനങ്ങളെ അണനിരത്തിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇഡിയുടെ നടപടിക്ക് എതിരെ തോമസ് ഐസക്കും സിപിഎം എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ്. സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇ ഡി നീക്കത്തിന് പിന്നിലെന്നും തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എല്‍ഡിഎഫ് എംഎല്‍എമാരായ ഐ ബി സതീഷ്, എം മുകേഷ് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Read more

കിഫ്ബിയിലെ ഇ ഡി ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.