'കുഴി നേരത്തേയുള്ള പ്രശ്‌നം'; സിനിമാ പരസ്യം ഗൗരവമായി കാണേണ്ട, വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നു: മുഹമ്മദ് റിയാസ്

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകത്തെ ചൊല്ലിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ രീതിയില്‍ കണ്ടാല്‍ മതി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നു. റോഡുകളിലെ കുഴികളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരത്തെയുള്ളതാണ്. അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദ്ദേശങ്ങളെയും സ്വാഗതം ചെയ്യും. വ്യക്തിക്കോ സംഘടനക്കോ സിനിമക്കോ വിമര്‍ശിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

‘തിയേറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്,എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തോട് കൂടിയുള്ള സിനിമയുടെ പോസ്റ്ററിന് എതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറിനിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നത്.

റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണം. ഇത്തരം സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.