'മോദിയുണ്ടെങ്കില്‍ എന്തും സാദ്ധ്യം ; സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക', കെ. സുരേന്ദ്രന്‍

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേല്‍ക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഒരു കൂട്ടര്‍ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആവശ്യം വേണ്ട സൗകര്യങ്ങള്‍, അയല്‍ രാജ്യങ്ങളുടെ സഹകരണം, വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം, എംബസ്സിയിലെ കുറഞ്ഞ ജീവനക്കാര്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങള്‍, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥര്‍ ദ്രുതഗതിയില്‍ നടപടികളെടുക്കുകയാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

‘രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങള്‍ പ്രചരിപ്പിച്ച് ചിലര്‍ സംതൃപ്തിയടയുകയാണ്. സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേല്‍ക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മലയാളിയ കേന്ദ്രവിദേശകാര്യസഹമന്ത്രി ശ്രീ. വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും നാം മലയാളികള്‍ക്ക് ഏറെ ആശ്വാസകരം. എന്നാല്‍ ഒരു കൂട്ടര്‍ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. കോവിഡിന്റെ തുടക്കത്തില്‍ ഗള്‍ഫ് നാടുകളിലകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ ഇക്കൂട്ടര്‍ നടത്തിയ പ്രചാരണമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. എന്നാല്‍ എത്ര കുറ്റമറ്റ രീതിയിലാണ് വന്ദേഭാരത് മിഷന്‍ വിജയിച്ചതെന്നത് ചരിത്രത്തിന്റെ ഭാഗം. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങള്‍ പ്രചരിപ്പിച്ച് ചിലര്‍ സംതൃപ്തിയടയുകയാണ്. യുദ്ധഭൂമിയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. അവരുടെ ജീവനാണ് ആദ്യത്തെ പരിഗണന. പിന്നെ അവശ്യം വേണ്ട സൗകര്യങ്ങള്‍. പിന്നെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുടെ സഹകരണം. വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം, ചെറിയ സൗകര്യങ്ങളുള്ള എംബസ്സി, കുറഞ്ഞ ജീവനക്കാര്‍, യുദ്ധം തുടരുമ്പോള്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങള്‍, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് അങ്ങനെ എന്തെല്ലാം കാര്യങ്ങളില്‍ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥര്‍ ദ്രുതഗതിയില്‍ നടപടികളെടുക്കണം. അഛനമ്മമാരുടെ നെടുവീര്‍പ്പുകളും വേവലാതികളും നിലക്കാത്ത വിളികളും. സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്. വീഡിയോ ഗെയിമുകളെ ബോംബുവര്‍ഷമാക്കാന്‍ നമുക്ക് മിടുക്കുണ്ട്. ഷവര്‍മ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും.ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിര്‍ത്തണം. ഈ കാലവും കടന്നുപോകും. ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകള്‍ കൂടണയും. മോദിയുണ്ടെങ്കില്‍ എന്തും സാധ്യം…#OperationGanga