കാലിക്കറ്റ് സര്‍വകലാശാലയില്‍ 3,500 ഉത്തരക്കടലാസുകള്‍ കാണാനില്ല, പരീക്ഷ വിഭാഗത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി വി.സിക്ക് കത്ത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ 3,500 ഉത്തരക്കടലാസുകള്‍ കാണാനില്ല. ഡിഗ്രി രണ്ടാം സെമസ്റ്ററിന്റെ ഉത്തരക്കടലാസുകളാണ് കാണാതായത്. 3 മാസം മുമ്പ് മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകളാണിത്. ഇതോടെ പരീക്ഷ എഴുതി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫലം പുറത്ത് വരാത്തതിനെ തുടര്‍ന്ന് ദുരിതത്തില്‍ ആയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഉത്തരക്കടലാസ് ഉണ്ടെങ്കില്‍ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ സര്‍ക്കുലര്‍ ഇറക്കിയട്ടുണ്ട.

മൂല്യനിര്‍ണയം വൈകാതിരിക്കാന്‍ ഫാള്‍സ് നമ്പരിങ് പോലും ഒഴിവാക്കിയാണ് പരീക്ഷ നടത്തിയത്. മൂല്യനിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മൂവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസ് കാണാതായ വിവരം അധികൃതര്‍ അറിയുന്നത്. ഉത്തരക്കടലാസ് കണ്ടെത്താന്‍ അനൗദ്യോഗികമായി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതോടെ പളം പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് സര്‍വകലാശാല.

ഫലം പ്രഖ്യാപനം വൈകിയതോടെയാണ് പരീക്ഷ കണ്‍ട്രോളര്‍ ഇടപെട്ടത്. ഏതെങ്കിലും വിഭാഗത്തില്‍ ഉത്തരപേപ്പര്‍ മാര്‍ക്ക് എന്റര്‍ ചെയ്യാതെ ഉണ്ടെങ്കില്‍ അറിയക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

Read more

ഇംപ്രൂമെന്റ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പരീക്ഷ ഫലം പുറത്ത് വരണം. എന്നാല്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയവരുടെ തുടര്‍ പഠനമടക്കം അവതാളത്തിലായ സ്ഥിതിയാണ്. അതേസമയം പരീക്ഷ വിഭാഗത്തിലെ അനാസ്ഥയുടെ ഫലമാണ് ഉത്തരക്കടലാസ് കാണാതായ സംഭവമെന്ന് സിന്‍ഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് ആരോപിച്ചു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് കാണിച്ച് റഷീദ് അഹമ്മദ് വി.സിക്ക് കത്തയച്ചു.