33 തടവുകാരെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കുന്നു; ഗവര്‍ണറോട് ശിപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന 33 തടവുകാരെ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയ്ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു. ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ചാണ് ഇളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ശിക്ഷാ ഇളവിനുളള ശുപാര്‍ശ. മോഷണം, വീടുകയറി ആക്രമണം തുടങ്ങി കൊലപാതക ശ്രമം വരെയുളള കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ശിക്ഷയില്‍ ആറ് മാസം വരെ ഇളവ് നല്‍കി മോചിപ്പിക്കാനാണ് ശുപാര്‍ശ.

ക്രിമിനല്‍ കേസുകളില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച പ്രതികളാണിവര്‍. നിയമ സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ഇവരുടെ പട്ടിക തയ്യാറാക്കിയത്.

ഇതിന് മുമ്പ് കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട് ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുളളവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.