എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 20,000-ലധികം പേര്‍; ആശുപത്രികള്‍ അടച്ചു

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20,000-ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്.

ജൂണ്‍ അഞ്ചിനു ശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ട്.
ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

Read more

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു.