ഹർഷിന കേസിൽ രണ്ട് നഴ്സുമാരും രണ്ട് ഡോക്ടർമാരും പ്രതികൾ; 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, കേസിൽ 60 സാക്ഷികൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്.

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സികെ രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെജി മഞ്ജു (43) എന്നിവരാണ് പ്രതികൾ.

ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. കേസിൽ 60 സാക്ഷികളാണുള്ളത്.

2017ൽ നടത്തിയ എംആർഐ സ്കാനിങ് ആണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എസിപി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്ട പരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണമാകുന്നുള്ളൂവെന്നും ഹർഷിന പ്രതികരിച്ചു.