കൊച്ചിയില്‍ പതിനെട്ട് തോക്കുകള്‍ പിടികൂടി; തോക്കുകൾ കൊണ്ടു വന്നത് കശ്മീരിൽ നിന്നെന്ന് പൊലീസ്

കൊച്ചിയില്‍ പതിനെട്ട് തോക്കുകള്‍ പൊലീസ ് പിടികൂടി. എ.ടി.എമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ നൽകുന്നവരുടെ 18 തോക്കുകളാണ് കൊച്ചി പോലീസ് പിടി കൂടിയത്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തതെന്നും നിലവിൽ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പതിനെട്ട് തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് ഇതുപോലെ 5 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജലൈസന്‍സ് ഉപയോഗിച്ചാണ് കൈവശം വെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തന്നെ ഈ കാര്യങ്ങളില്‍ വ്യാപക പരിശോധനാ നടത്താന്‍ നിര്‍ദേശിച്ചിരുന്നു.

വ്യാജ ലെെസൻസാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.  വ്യാജലൈസന്‍സാണെങ്കില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആയുധനിയമപ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് സുരക്ഷാ ജീവനക്കാരായി വരുന്നവര്‍ സ്വന്തം നിലയില്‍ തോക്കുമായി വരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലേക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.