വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷം ആക്കാൻ ശുപാർശ

വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പിന്റെ ശുപാർശ. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിനെ പ്രാഥമിക ചർച്ചകളിൽ ധനവകുപ്പ് എതിർത്തു. ഇതോടെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവിട്ടിരിക്കുകയാണ്. നിലവിൽ 10 ലക്ഷം രൂപയാണ് കൊടുക്കുന്നത്.

10 ലക്ഷം രൂപ വനം വകുപ്പിന്റെ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽ നിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി. പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതംകൂടി ചേർത്ത് മുൻപത്തെപ്പോലെ സഹായം 10 ലക്ഷമായി നിജപ്പെടുത്തി.

അടുത്തിടെ വന്യജീവിയാക്രമണങ്ങൾ മൂലമുണ്ടായ മരണങ്ങളിൽ ആശ്രിതർക്ക് ആറ്-നാല് അനുപാതത്തിലാണ് 10 ലക്ഷം കൊടുത്തത്. 14 ലക്ഷമെങ്കിലും നൽകണമെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചു നിൽക്കുകയാണ്. വനം, റവന്യു, ധന വകുപ്പുകളുടെ യോഗം വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്നാണ് വിവരം. ജനവികാരവും രാഷ്ട്രീയസമ്മർദവും കണക്കിലെടുത്ത് വനംവകുപ്പിന്റെ ശുപാർശ അംഗീകരിക്കപ്പെട്ടേക്കും.