ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത്  1279 കേസ്; പിഴ ഈടാക്കിയത് 26 ലക്ഷത്തിലധികം

വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ കര്‍ശന പരിശോധനയാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്. ഇന്നലെ മാത്രം ടൂറിസ്റ്റ് ബസുകള്‍ക്കതിരെ 1279 കേസുകളെടുത്തു. എട്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. 2 ബസുകളുടെ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപറേഷന്‍ ഫോക്കസ് ത്രീയില്‍ ഇന്നു നിയമലംഘനങ്ങള്‍ക്ക് 26,15,000 രൂപ പിഴ ഈടാക്കി.

ടൂറിസ്റ്റ് ബസുകളില്‍ ഉപയോഗിക്കുന്ന അതിതീവ്രശേഷിയുള്ള ലൈറ്റുകള്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തല്‍. അരക്കിലോമീറ്ററിലേറെ പ്രകാശം നല്‍കുന്ന എച്ച്‌ഐഡി ലൈറ്റുകള്‍ എതിര്‍ദിശയില്‍ എത്തുന്നവരുടെ കാഴ്ചയെ തന്നെ മറയ്ക്കുന്നു.

അതേസമയം, പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ ജീവനെടുത്ത ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവിന് മോട്ടോര്‍ വാഹന വകുപ്പിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.

അഞ്ച്മൂര്‍ത്തിമംഗലത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കടന്നുപോയ പാത പ്രത്യേകം അടയാളപ്പെടുത്തി പരിശോധിച്ചാണ് ഡ്രൈവറുടെ അമിതവേഗം സ്ഥിരീകരിച്ചത്. നിമിഷ നേരത്തെ വ്യത്യാസത്തില്‍ വാഹനങ്ങള്‍ കടന്നുപോയ രീതി ആവര്‍ത്തിച്ച് ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്.