ഇതോടെ എല്ലാം തീര്‍ന്നു; കേന്ദ്രം അനുവദിച്ച വായ്പാപരിധിയിലെ 1130 കോടിയും കേരളം കടമെടുക്കുന്നു; ഇനിയുള്ള ശമ്പളവും പെന്‍ഷനും നല്‍കാന്‍ നയാപൈസയില്ല

കേന്ദ്രം അനുവദിച്ച വായ്പാപരിധിയില്‍ മൊത്തം തുകയും കടം എടുക്കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍. കേരളത്തിന്റെ വായ്പാപരിധിയില്‍ ശേഷിച്ച 1130 കോടിയുടെ ലേലം ലേലം 30ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ നടക്കും. ഇനി കേരളത്തിന് കടം എടുക്കാന്‍ കഴിയില്ല. ഇതോടെ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും അടക്കമുള്ളവ നല്‍കാന്‍ സാധിക്കുമോ എന്ന കാര്യം പോലും വ്യക്തമല്ല.

ട്രഷറി നീക്കിയിരിപ്പുമായി ബന്ധപ്പെട്ട് 4000 കോടിയുടെ വായ്പ കേന്ദ്രം നിഷേധിച്ച സാഹചര്യത്തില്‍ ഇനിയുള്ള വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. വായ്പാപരിധി വെട്ടിക്കുറച്ചതിലെ അന്യായം ചോദ്യംചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ അന്തിമ വിധിവരട്ടെയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതോടെ കേരളം കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്.

കിഫ്ബിക്കും പെന്‍ഷന്‍ കമ്പനിക്കുമായി എടുത്ത വായ്പകള്‍ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തിന് കടമെടുക്കാവുന്നതിന്റെ പരിധി കേന്ദ്രം വെട്ടിയത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നുശതമാനമാണ് സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ അനുവദിച്ചത്. ഒരു ശതമാനംകൂടി അധികം അനുവദിച്ചാല്‍ കേരളത്തിന് 4500 കോടി രൂപകൂടി എടുക്കാനാകും. എന്നാല്‍, കടം പെരുകുന്നത് കണ്ട് ഈ നീക്കം കേന്ദ്ര സര്‍ക്കാര്‍ തടയുകയായിരുന്നു.