ദ്വീപ് നിവാസികളുടെ പ്രതിഷേധം ശക്തമാക്കുന്നു; നാളെ ലക്ഷദ്വീപില്‍ ഉപവാസസമരം

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നാളെ ലക്ഷദ്വീപില്‍ ഉപവാസ സമരം നടക്കും. നാളെ നടക്കുന്ന നിരാഹാരസമരത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ഉപകമ്മറ്റികള്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപവാസ സമരം നടക്കുന്നത്. സമരത്തിന് മുന്നോടിയായി പഞ്ചായത്തുകളില്‍ ചെയര്‍പേഴ്‌സണ്‍മാര്‍ കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്തു.

12 മണിക്കൂര്‍ നീളുന്ന ഉപവാസ സമരമാണ് നടക്കുക. എല്ലാ ദ്വീപിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ദ്വീപിലെ മുഴുവന്‍ ആളുകളും സമരത്തില്‍ പങ്കാളികളാകുന്നു എന്നതാണ് പ്രത്യേകത. രാഷ്ച്രീയ ഭേദമന്യേ ദ്വീപ് ജനത ഒറ്റക്കെട്ടായാണ് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നത്. അടുത്ത ദിവസം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തില്‍ നിന്നോ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാല്‍ സമര തീയതിയടുത്തിട്ടും അധികൃതര്‍ക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ തുടരാനാണ് ഫോറത്തിന്റെ തീരുമാനം. ഇതനുസരിച്ചു വിവിധ ദ്വീപുകളില്‍ മുന്നൊരുക്കം തുടങ്ങി. അതേ സമയം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിനുമുന്നില്‍ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.