കുഴല്‍പ്പണ കേസും, സ്വര്‍ണക്കടത്തും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; കേസിലെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസും, കുഴല്‍പണ കേസും ഒത്തുതൂര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തെരഞ്ഞെടുപ്പിന് മുന്നോടിയായി അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഉണ്ടായ ബിജെപി സിപിഐഎം ബന്ധം വ്യക്തമാണെന്നും സര്‍ക്കസിലെ അടിപോലെ അടിയുടെ ശബ്ദം മാത്രമാണ് നടക്കുന്നത്. എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രത്തിന്റെ അന്വേഷണവും, കുഴല്‍പണക്കേസില്‍ സംസ്ഥാനത്തിന്റെ അന്വേഷണവും ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ചെയ്യുന്നത്.

കൊടകരയില്‍ പിടികൂടിയ കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുന്നരക്കോടിയെന്നതും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ആറുകോടി രൂപ കേരളത്തിലെ മറ്റു ജില്ലകളില്‍ വിതരണം ചെയ്തുവെന്നും. മുന്നൂറു കോടിയോളം രൂപ കേരളത്തിലേക്ക് വന്നു എന്ന് സംശയിക്കപ്പെടുകയും ചെയ്തു, ഇതിന്റെ സ്രോതസ് എവിടെ നിന്ന് എന്നതിലെ അന്വേഷണം മന്ദഗതിയിലാണ് പോകുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേസിലെ പരാതിക്കാരന്‍ പൊലീസിനെ കബളിപ്പിക്കുകയാണ്. നടപ്പടിക്രമമനുസരിച്ച് അന്വേഷണ സംഘത്തിന് വിവരം നല്‍കാതെ ഇരിക്കുന്നത് തെറ്റാണ്. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പായി ഇത് സംഭവിക്കരുതതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢമായ ശ്രമമാണ് നടന്നത്. ഇതില്‍ ഗൗരവമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിച്ചിട്ടില്ല. സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ധാരണയിലേത്തിയാല്‍ കൊടകര കേസ് അട്ടിമറിക്കപ്പെടുമോയെന്ന സംശയമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ അന്വേഷണം മന്ദഗതിയിലാണ് പോകുന്നതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരത്തും, പാലക്കാടും ബിജെപിയെ ജയിപ്പിക്കാന്‍ നേരത്തെ ഒത്തുതീര്‍പ്പുണ്ടായിരുന്നെന്നും ഇനിയും പല വിവരങ്ങളും പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.